Business
കൊല്ലം: ഇടപാടുകാരോടും ഒപ്പം കേരളസമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനമാണ് കെഎസ്എഫ്ഇയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനു തെളിവാണ് പ്രകൃതിദുരന്തം നേരിട്ട വയനാട് ജില്ലയിലെ കല്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടി രൂപയുടെ അനക്സ് ബ്ലോക്ക് നിർമിച്ചുനൽകിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനമായ കെഎസ്എഫ്ഇ സുതാര്യവും സുരക്ഷിതവുമായ സന്പാദ്യമാർഗം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇ ഗാലക്സി ചിട്ടി വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ‘സമ്മാനോത്സവം 2026’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൊട്ടാരക്കര അന്പലക്കര മൈതാനത്തു നടന്ന ചടങ്ങിൽ മെഗാസമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിന്റെ താക്കോൽ വിജയിയായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. ഷക്കീലിന് മന്ത്രി സമ്മാനിച്ചു. ഇരിങ്ങാലക്കുട-1 ബ്രാഞ്ചിലെ ഇടപാടുകാരനാണ് ഷക്കീൽ. ബംപർ സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകളുടെ വിതരണവും നടന്നു.
വിവിധ സമ്മാനപദ്ധതികളിലായി പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ സമ്മാനവിതരണം കെഎസ്എഫ്ഇ കൃത്യതയോടെ നിർവഹിക്കുന്നുണ്ടെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. തുടർന്നും നൂതനപദ്ധതികളുമായി കെഎസ്എഫ്ഇ എത്തുമെന്ന് എംഡി ഡോ. എസ്.കെ. സനിൽ അറിയിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സണ് അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുണ് ബാബു മുഖ്യാതിഥിയായിരുന്നു.
കൊട്ടാരക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് എ. ഷാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, വാർഡ് കൗണ്സിലർ എൽ. മിനി, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിനീത് ശ്രീനിവാസന്റെ സംഗീതപരിപാടി അരങ്ങേറി.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ക്ഷാമബത്ത കുടിശികയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
13 ശതമാനം ഡിഎ അനുവദിച്ചിരുന്നു. സർക്കാരിന് നടപ്പാക്കാൻ കഴിയുന്നതു മാത്രമേ പറയുകയുള്ളൂ. പറയുന്നതു സർക്കാർ നടപ്പാക്കും. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയെ അധ്യക്ഷനാക്കി ശന്പള പരിഷ്കരണ കമ്മീഷൻ രൂപവത്കരിച്ചു. ഇത്രയും ബുദ്ധിമുട്ടുള്ളകാലം ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്രം അത്രയേറെയാണ് കേരളത്തെ വരിഞ്ഞുമുറുക്കിയതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന വിളനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാല ചികിത്സയിലാകുന്നവർക്കുള്ള ധനസഹായവും വർധിപ്പിക്കുമെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികളുടെ ഇൻഷ്വറൻസ് ഈ വർഷം മുതൽ നടപ്പിലാക്കും. സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനം അഞ്ചു ശതമാനം വർധിപ്പിച്ചു. പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തി.
ലംപ്സംഗ്രാന്റ് പത്ത് ശതമാനം വർധിപ്പിച്ചു. എസ്സി എസ്ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതുൾപ്പെടെ ബജറ്റിന്റെ ഭാഗമായി എഴുപതോളം പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രി സഭയിൽ നടത്തി.
കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നോണ് ജേർണലിസ്റ്റ് പെൻഷൻ വർധിപ്പിക്കും. കയർ തൊഴിലാളികളുടെ റിട്ടയർമെന്റ് ബെനിഫിറ്റ് കുടിശിക നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പ്രൊഡക്ഷൻ ഇൻസെന്റീവ് തുക നൽകാനുള്ള നടപടി സ്വീകരിക്കും. കളമശേരി മണ്ഡലത്തിലെ ആലുവ ആലങ്ങാട് റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്നിക്കിന്റെ ഓഡിറ്റോറിയം നിർമാണം പൂർത്തീകരിക്കുന്നതിനുമുള്ള തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിർണ്ണായക ഇളവ് പ്രഖ്യാപിച്ചു. വിദേശ സ്വത്തുകൾ വെളിപ്പെടുത്താൻ ആറുമാസം വരെ സമയം അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
വിദേശത്തുള്ള സമ്പാദ്യമോ സ്വത്തോ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവർക്ക് അത് നിയമപരമായി അറിയിക്കാൻ ആറുമാസത്തെ സാവകാശം ലഭിക്കും. ചെറിയ നികുതി വെട്ടിപ്പുകൾക്ക് കഠിനമായ ശിക്ഷകൾക്ക് പകരം പിഴ മാത്രം ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനവും വന്നിരിക്കുന്നത്.
നികുതിദായകർ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി നികുതി നിയമങ്ങൾ ലളിതമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
National
ന്യൂഡല്ഹി: കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് ഇന്ന് പാര്ലമെന്റില് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില് നികുതി ഇളവുകളും പ്രത്യേക പാക്കേജും ഉറ്റുനോക്കി കേരളം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പാക്കേജും ദീര്ഘകാല ആവശ്യങ്ങളായ എയിംസ്, ശബരി റെയില് തുടങ്ങിയ പദ്ധതികളും ഇത്തവണ അംഗീകരിക്കപ്പെടുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും ജിഎസ്ടി നഷ്ടപരിഹാരം നിര്ത്തലാക്കിയതും മൂലം ഉണ്ടായ 21,000 കോടിയുടെ വരുമാന കമ്മി നികത്താന് പ്രത്യേക 'ഫിസ്കല് കറക്ഷന് പാക്കേജ്' കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കിനാലൂരില് ഭൂമി ഏറ്റെടുക്കല് ഉള്പ്പെടെയുള്ള നടപടികള് പൂര്ത്തിയായിട്ടും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്, ഇത്തവണ ബജറ്റില് എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംസ്ഥാനം.
റബറിന്റെ താങ്ങുവില 250 ആയി ഉയര്ത്തണമെന്നും റബര് ബോര്ഡിന് കൂടുതല് വിഹിതം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് പ്രത്യേക ഫണ്ടും ട്രാന്സ്ഷിപ്പ്മെന്റ് ഹബ്ബിനുള്ള ആനുകൂല്യങ്ങളും കേരളം പ്രതീക്ഷിക്കുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്വേ പദ്ധതിക്ക് മതിയായ തുക വകയിരുത്തണമെന്നത് സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക കേന്ദ്ര പദ്ധതിയും സംസ്ഥാനം ഉറ്റുനോക്കുന്നു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില് ധനമന്ത്രി കെ.എന്. ബാലഗോപാല് വലിയ ക്ഷേമ പദ്ധതികള് പ്രഖ്യാപിച്ചിരുന്നു. എന്നാല് ഇവയുടെ വിജയകരമായ നടപ്പാക്കലിന് കേന്ദ്ര വിഹിതത്തിലും വായ്പാ പരിധിയിലും ഇളവ് അനിവാര്യമാണ്. 16ാം ധനകാര്യ കമ്മീഷന് റിപ്പോര്ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
റെയില്വേ വികസനം, സില്വര് ലൈന് പദ്ധതിക്കുള്ള അനുമതി, കോസ്റ്റ് ഗാര്ഡ് അക്കാദമി തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര നിലപാട് ഇന്നറിയാം. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതോടെ കേരളത്തിന്റെ ഈ ആവശ്യങ്ങളില് എത്രത്തോളം പരിഗണന ലഭിക്കുമെന്ന് ഇന്ന് വ്യക്തമാകും.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ഒന്പതാമത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ഇന്നു രാവിലെ 11ന് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടും. ശന്പളക്കാർ അടക്കമുള്ള മധ്യവർഗത്തെ സന്തോഷിപ്പിക്കാനും ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികൾക്കും നിർമല ശ്രമിച്ചേക്കും.
ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് മൂലധനച്ചെലവിനു മുൻഗണന നൽകുന്നതാകും ഇത്തവണത്തെ പൊതുബജറ്റ് എന്നാണു പ്രതീക്ഷ. നിർമിതബുദ്ധി (എഐ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും.
കേരളം, തമിഴ്നാട്, പഞ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. എയിംസ്, അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു കേരളം. റബർ, നെല്ല്, മത്സ്യകർഷകർക്കായുള്ള പ്രത്യേക പ്രോത്സാഹന, സഹായ പദ്ധതികളും ടൂറിസം വികസനം അടക്കമുള്ള കേരളത്തിന്റെ മേഖലകൾക്ക് കൂടുതൽ വിഹിതവും ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിനും ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുള്ള വിഹിതം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള ചില പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെ നേരിടാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ആഗോള സംഘർഷങ്ങളുടെയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉയർത്തുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവുകൾ വീണ്ടും കൂട്ടിയേക്കും.
Kerala
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ തന്നെ ഏറ്റവും മോശം പ്ലാന് എക്സ്പെന്ഡിച്ചര് നടത്തിയ വര്ഷമാണ് ഇത്. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയത്.
10 വര്ഷം ചെയ്യാതിരുന്നത് ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. ന്യൂ നോര്മല് എന്നാല് തോന്നിയതു പോലെ ബജറ്റില് പറയുക അത് നടപ്പാക്കിതിരിക്കുക എന്നതാണ്. ഇന്ത്യയില് ഏറ്റവും കൂടുതല് വിലക്കയറ്റം ഉള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
2021 ല് അധികാരത്തില് വന്നതും പെന്ഷന് വര്ധിപ്പിക്കുമെന്നു പറഞ്ഞാണ്. ഇപ്പോഴും അതു തന്നെയാണ് പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പെ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ക്ഷേമ പെന്ഷന് തുടങ്ങിയത് ഏതു സര്ക്കാരിന്റെ കാലത്താണെന്ന് ജനങ്ങള്ക്കറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറിന്റെ കാലത്താണ് പെന്ഷന് പദ്ധതി തുടങ്ങിയത്. സിപിഎം ഗവണ്മെന്റിന്റെ കാലത്തല്ല.
സര്ക്കാര് പറയുന്ന കണക്കും പ്രവര്ത്തിക്കുന്ന രീതിയും രണ്ടും രണ്ടാണ്. വരാന് പോകുന്ന ഗവണ്മെന്റിന്റെ തലയില് എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റാണ് നടപ്പാക്കിയിരിക്കുന്നത്. നടപ്പാക്കാന് പോകുന്ന ബജറ്റ് യുഡിഎഫ് അവതിരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഉൾനാടൻ ജലഗതാഗതം 138 കോടിയും പാലങ്ങളുടെ സംരക്ഷണത്തിന് 46 കോടിയും ശുചിത്വ കേരളത്തിന് 20 കോടിയും ബജറ്റിൽ വകയിരുത്തി.
ഭിന്നശേഷിക്കാർക്കായി അൻപ് വീടും അയ്യങ്കാളി തൊഴിലുറപ്പിന് 200 കോടി രൂപയും അനുവദിച്ചു. അതേസമയം, വെനസ്വേലയിലെ പ്രസിഡന്റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്ശിച്ചു.
Kerala
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. കമ്മീഷൻ മൂന്നു മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണം.
സര്ക്കാര് ജീവനക്കാരുടെ ഡിഎ കുടിശിക പൂര്ണമായും നൽകും. ഏപ്രിൽ മുതൽ അഷ്വേര്ഡ് പെൻഷൻ രീതിയിലേക്ക് മാറും. ഇതിനായി ഉത്തരവിറക്കും. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതനാനം തുക ഉറപ്പാക്കും.
ജീവനക്കാരുടെയും സർക്കാരിന്റെയും വകയിരുത്തൽ വെവ്വേറെ കൈകാര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: നവകേരള സദസിൽ നിർദേശിച്ച പദ്ധതിക്ക് 210 കോടി രൂപ വകയിരുത്തി. ഓരോ എംഎൽഎയ്ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിർദ്ദേശിക്കാം.
മുതിർന്ന പൗരന്മാർക്കായി കെഎഫ്സിയുടെ പുതിയ പദ്ധതി. മൂന്ന് ശതമാനം പലിശ സബ്സിഡിയോടുകൂടി 20 കോടി വരെയുള്ള വായ്പാ പദ്ധതി.
വനിതാ സംവിധായകര്ക്ക് ഫീച്ചര് സിനിമയെടുക്കാൻ ഏഴു കോടി. ജയിൽ നവീകരണത്തിന് 47 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി രൂപയും അനുവദിച്ചു.
ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്പ്പെടെ 2333.64 കോടി വകയിരുത്തി. സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്ലെറ്റുകള് നവീകരിക്കും. ഇതിനായി 17.8 കോടി വകയിരുത്തി. എറണാകുളം കേന്ദ്രീകരിച്ച് ഫിനാൻസ് ടൗണ് സ്ഥാപിക്കും.
Kerala
തിരുവനന്തപുരം: തൊഴിലാളി സൗഹൃദ സ്മാർട്ട് ഓട്ടോ സ്റ്റാൻഡിനായി 20 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഇലക്ട്രിക് ഓട്ടോ റിക്ഷകൾ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് 2% പലിശയിളവ്. പദ്ധതിക്കായി 20 കോടി രൂപ
പഴയ പെട്രോൾ-ഡീസൽ ഓട്ടോകൾ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40,000 രൂപവരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ്.
ഹിന്ദുസ്ഥാന് ന്യൂസ് പ്രിന്റിന് 15 കോടി രൂപയും കശുവണ്ടി മേഖല പുനരുജ്ജീവനത്തിന് 30 കോടി രൂപയും അനുവദിച്ചു.
കരകൗശല മേഖലയ്ക്ക് 4.2, കൈത്തറി മേഖലയ്ക്ക് 59 കോടി, കുടുംബശ്രീ ഉത്പന്നങ്ങളുടെ മാര്ക്കറ്റിംഗിന് 22.27 കോടിയും അനുവദിച്ചു.
Kerala
തിരുവനന്തപുരം: ഒബിസി വിദ്യാഭ്യാസ സ്കോളർഷിപ്പിന് 130.78 കോടി രൂപ അനുവദിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളര്ഷിപ്പിന് നാല് കോടി രൂപയും വകയിരുത്തി.
ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് 11 കോടി അനുവദിച്ചു. പരിവർത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി.
Kerala
തിരുവനന്തപുരം: അഞ്ച് മുതൽ 15 കുടുംബങ്ങള് താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ് ബജറ്റിൽ വകയിരുത്തി. ഇതിനായി 20 കോടി അനുവദിച്ചു.
വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്ക്ക് 950.89 കോടി, എംഎൻ ലക്ഷം വീട് പദ്ധതിക്ക് 10 കോടി, എസ്സിഎസ്ടി വികസനം, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്ധിപ്പിച്ചു. പിന്നാക്ക ക്ഷേമത്തിന് 200.94 കോടി വകയിരുത്തി.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽ മല ദുരന്തത്തിൽ ഇരയായവർക്ക് ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി രൂപ, വയോജനങ്ങളുടെ റിട്ടയര്മെന്റ് ഹോമുകള്ക്ക് സബ്സിഡിയായി 30 കോടിയും വകയിരുത്തി.
8573.52 ഏക്കർ ഭൂമി ഭൂരഹിതരായ പട്ടിവർഗ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തുവെന്നും മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ സർക്കാർ വച്ചു നൽകിയെന്നും ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി രൂപ വകയിരുത്തി. കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 600ൽ നിന്നും 1000 രൂപയാക്കി വര്ധിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി, അങ്കണവാടികളിൽ എല്ലാ പ്രവര്ത്തി ദിവസവും പാലും മുട്ടയും നൽകുന്നതിനായി 80.90 കോടി, വയോമിത്രം വാതിൽപ്പടി സേവനത്തിന് 27.5 കോടി, വയോജന കമ്മീഷൻ പ്രവര്ത്തനങ്ങള്ക്ക് 50 ലക്ഷം രൂപയും വകയിരുത്തി.
Kerala
തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നാലു വർഷം കൊണ്ട് 1,45,586 പേർക്ക് പിഎസ്സി വഴി നിയമനം നൽകി. കായികമേഖലയിൽ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചത് 5000 കോടി രൂപയെന്നും മന്ത്രി അറിയിച്ചു.
Kerala
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി.
ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾക്ക് മൂന്ന് കോടിയും പുതിയ മെഡിക്കൽ കോളജുകൾ പ്രവർത്തന സജ്ജമാക്കാൻ 57.03 കോടിയും വകയിരുത്തി.
Kerala
തിരുവനന്തപുരം: തളിപ്പറമ്പിലെ മൃഗശാലയ്ക്ക് നാലു കോടി രൂപ വകയിരുത്തി. കണ്ണൂര് പെര്ളശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി.
പൊതുവിദ്യാഭ്യാസത്തിന് 1,128 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവച്ചു.
ശബരിമല മാസ്റ്റര് പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീന് പമ്പയ്ക്ക് 30 കോടി രൂപ ബജറ്റില് നീക്കിവച്ചതായും ധനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്ഹമായ വിഹിതം വെട്ടുകയാണ്. കേന്ദ്രം, സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്ന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്റെ കടന്നു കയറ്റമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള് അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക.
സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഇതിൽ സർക്കാരിന് മറ്റ് സമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ക്ഷാമബത്ത നൽകുന്നത് സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകി വരുന്നുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ഡിഎ നൽകാതിരുന്നപ്പോൾ കേരളം ശമ്പളം കൃത്യമായി നൽകിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ നാല് ലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയ പുതിയ പദ്ധതികൾ ആരംഭിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസുകൾ കേരളത്തിന് നഷ്ടമായി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 50 മുതൽ 72 ശതമാനം വരെയാണ്.
സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിൽ അനുകൂലമായ തീരുമാനമുണ്ടായാൽ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മുടങ്ങിക്കിടക്കുന്ന എയിംസും ശബരി റെയില് പദ്ധതിയും യാഥാര്ഥ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പ്രീ ബജറ്റ് യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ധന മന്ത്രിമാരുടെ യോഗത്തിലാണ് ബാലഗോപാൽ പറഞ്ഞു.
റബറിന്റെ താങ്ങുവില കൂട്ടുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജായി അനുവദിക്കണമെന്നും ആവശ്യപ്പെടും. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ അനുവദിക്കണം.
എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കഴിഞ്ഞതവണ രണ്ട് സംസ്ഥാനങ്ങളെ കൂടുതലായി പരിഗണിച്ചു. സമീപകാലത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പല പദ്ധതികളും സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ഭാരം ഏൽപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്കരണവും അടക്കമുള്ള വിഷയങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചു വരുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജീവനക്കാരുടെ ഡിഎ കുടിശിക ഒഴികെയുള്ള മറ്റൊരു വിഷയത്തിലും സർക്കാർ കുറവു വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സാമ്പത്തികമായി കേരളത്തെ വരിഞ്ഞു മുറുക്കിയിട്ടും ചെലവ് മറ്റൊരിടത്തും കാര്യമായി കുറച്ചിട്ടില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ നാൾ മുതൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം സജീവമായിരുന്നു. ഒരിക്കൽപോലും ശമ്പളം മുടങ്ങിയിട്ടില്ലെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
National
ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭൂട്ടാൻ യാത്ര തടസപ്പെട്ടു. ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദവും നേരിട്ടതിനെ തുടർന്ന് മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അടിയന്തരമായി ഇറക്കി.
സുരക്ഷാ കാരണങ്ങളാൽ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തികകാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന നിരവധി സുപ്രധാന പദ്ധതികൾ നിർമല സീതാരാമൻ വിലയിരുത്തും. ഹൈഡ്രോപവർ പ്ലാന്റ് ഡാമും പവർ ഹൗസും, ഗ്യാല്സുംഗ് അക്കാദമി, സാംഗ്ചെൻ ചോഖോർ മൊണാസ്ട്രി, പുനാഖ സോങ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
Kerala
തിരുവനന്തപുരം: എല്ലാ വര്ഷവും കേരളത്തിനു ലഭിക്കേണ്ട പണത്തില് കേന്ദ്രം കുറവു വരുത്തുകയാണെന്നു ധനമന്ത്രി കെ.എന്. ബാലഗോപാല്.
താന് ധനമന്ത്രിയായി ചുമതലയേറ്റ സമയത്ത് ആകെ റവന്യൂ വരുമാനത്തിന്റെ 34 ശതമാനമാണ് കേന്ദ്രത്തില് നിന്നും ലഭിച്ചിരുന്നത്. എന്നാല് ഇപ്പോള് അത് 24 ശതമാനം മാത്രമാണ്. എല്ലാ വര്ഷവും കേരളത്തിനു നല്കേണ്ട പണം കേന്ദ്രം കുറയ്ക്കുകയാണ്.
കേരളത്തിനു കിട്ടേണ്ട പണം ഇങ്ങനെയൊക്കെ ചെയ്താലേ തരൂ എന്നു പറയുന്നതല്ലേ തെറ്റ്. ഉത്തര്പ്രദേശിന് 53 ശതമാനം കേന്ദ്രസഹായം കിട്ടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സമൂഹത്തിന്റെ പണം സമൂഹത്തിലേക്കുതന്നെ പോകുന്നു എന്നതാണ് കേരള ഭാഗ്യക്കുറിയുടെ പ്രത്യേകതയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി വർധിപ്പിച്ചത് സംസ്ഥാന ഭാഗ്യക്കുറിക്ക് പ്രയാസമുണ്ടാക്കും. തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റു മാത്രമാണ് വിൽക്കാൻ സാധിക്കാതിരുന്നത്. അതിൽ നാശം ഉണ്ടായതിനാലാണ്. 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.
ഭാഗ്യക്കുറിയുടെ വരുമാനത്തിന്റെ വലിയ പങ്ക് കാരുണ്യ ചികിത്സയായും വിൽപനക്കാരുൾപെടെയുള്ള രണ്ടു ലക്ഷത്തോളം തൊഴിലാളികൾക്കുള്ള ആനുകൂല്യമായുമെല്ലാമായാണ് ചെലവിടുന്നത്. അതിനാലാണ് ഇത് നിലനിർത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.